എന്‍റെ പുതിയ കഥാ സമാഹാരം കുരുവിയുടെ റിപ്പബ്ലിക്ക് സൂചിക ബുക്സ് പ്രസിദ്ധീകരിക്കുന്നു . വാങ്ങാൻ 9562540981 ലേക്ക് വാട്സപ്പ് ചെയ്യൂ

Tuesday, February 19, 2013

ഗുരു അത്ര തന്നെ ലഘു .

 .
ബസ്‌ സ്റ്റോപ്പ്‌.ഉച്ച തിരിഞ്ഞ നേരം.വെയ്റ്റിംഗ്‌ ഷെഡ്ഡിൽ വനിത ടൌണിലേക്ക് ഉള്ള ബസ്സ്‌ കാത്തിരിക്കുന്നുണ്ടായിരുന്നു .ടൌണിലേക്ക് വല്ലപ്പോഴുമേ ബസ്സുള്ളൂ .വനിത  കൊള്ളിറങ്ങി ഓടിവന്നപ്പോഴേക്കും ഒരെണ്ണം പൊടി പറത്തി നീങ്ങി
 .
"ശ്ശെ,ഒരു മിനിറ്റ് മുന്‍പ് ഇറങ്ങാമായിരുന്നു " അവള്‍  സ്വയം ശപിച്ചു .
വെയിറ്റിംഗ് ഷെഡിനു സമീപത്തു നിരനിരയായി ഓട്ടോകള്‍ നിര്‍ത്തിയിട്ടിരുന്നു . ബസ്സുകള്‍ കുറവായത് കൊണ്ട് ഓട്ടോക്കാര്‍ക്ക് നല്ല കൊയ്ത്ത് ആണ് .ഓരോ ബസ്സിലും ഒരാള്‍ എങ്കിലും അവര്‍ക്ക് കസ്റ്റമേഴ്സ് ഉണ്ടാകും .ആദ്യം തന്നെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ പേര് വനിതയെ വല്ലാതെ ആകര്‍ഷിച്ചു ."കഴുകന്‍ !"

ആ ഒാട്ടൊയുടെ  ഡ്രൈവർ പ്രതീക്ഷാനിർഭരമായ നോട്ടം അവളുടെ  നേര്‍ക്കെയ്തു . "വല്ലാത്തൊരു കഴുകന്‍ നോട്ടം "അവള്‍  വിചാരിച്ചു .ഇനി ഇയാളുടെ പേരും കഴുകന്‍ എന്ന് തന്നെയായിരിക്കുമോ ?"എന്തായാലും അയാളുടെ പക്ഷിച്ചുണ്ടന്‍മൂക്ക് അയാള്‍ക്ക്‌ കഴുകന്‍ എന്നല്ലാതെ വേറൊരു പേരും ചേരില്ല എന്ന് തോന്നിപ്പിച്ചു .വനിത നോട്ടം വിജനമായ റോഡില്‍ പാറുന്ന വെയില്‍ത്തുമ്പികളിലേക്ക് മാറ്റി .

വനിത തന്‍റെ ഓട്ടോയില്‍ കയറും എന്നൊരു പ്രതീക്ഷ കഴുകന്‍ വല്ലാതെ വെച്ചു പുലര്‍ത്തുന്നുണ്ടെന്ന് തോന്നി .അവള്‍  ഒന്ന് അനങ്ങുമ്പോള്‍ അയാള്‍ ഓട്ടോ സ്റ്റാര്‍ട്ട്‌ ചെയ്യാനൊരുങ്ങും എന്നാല്‍ വീണ്ടും വീണ്ടും അവള്‍   അയാളെ നിരാശയിലാഴ്ത്തി.വിളക്കുകാലിനടുത്തു നിന്നു ചെറിയ വാഹനങ്ങൾ തടഞ്ഞു നിർത്തി പണം പിടുങ്ങിക്കൊണ്ടിരുന്ന പൊലീസുകാരനെ പേടി ഇല്ലായിരുന്നെങ്കിൽ അയാൾ വനിതയെ തൂക്കിയെടുത്തു തന്‍റെ  ഓട്ടോയിലേക്കു എറിഞ്ഞേനെ.

"ഒരു ചായ "

റോഡ്‌ മുറിച്ചു കടന്നു വളകൾ വിൽക്കുന്ന ഒരാൾ വെയിറ്റിംഗ്‌ ഷെഡിനടുത്തു ഉന്തുവണ്ടിയിൽ ചായക്കച്ചവടം നടത്തുന്ന കിഴവിയുടെ അടുത്തെക്കു വന്നു.തന്‍റെ വളപ്പെട്ടി അയാള്‍  ബെഞ്ചില്‍ കുത്തിച്ചാരി വെച്ചു .ഒരു വശം ചില്ലിട്ട ആ തടിപ്പെട്ടിയില്‍ നിറയെ വളകള്‍ അടുക്കിയടുക്കി വെച്ചിരുന്നു .പല നിറത്തില്‍ പല തരത്തില്‍ ഉള്ള വളകള്‍ .കരിവളകള്‍ ,കുപ്പിവളകള്‍ ,ലോഹവളകള്‍,കല്ല്‌ വളകള്‍  അങ്ങനെ! . ചിലതൊക്കെ എടുത്തു നോക്കണം എന്നും വാങ്ങണം എന്നും ഉള്ള ചിന്തയെ വനിത നിയന്ത്രിച്ചു ,പേഴ്സില്‍ വണ്ടിക്കൂലി കഴിഞ്ഞാല്‍ അധികം പൈസ കാണില്ല .

ചായ കുടിച്ചു കഴിഞ്ഞു തന്‍റെ വളപ്പെട്ടി തോളിലേറ്റി  പോകാനൊരുങ്ങിയ അയാളോട് പരുഷമായ സ്വരത്തില്‍ കിഴവി പറഞ്ഞു "ആറു രൂപ ,"

അയാള്‍ ഒന്ന് പരുങ്ങി .പിന്നെ ദൈന്യതയോടെ തന്‍റെ ഒഴിഞ്ഞ കീശ കാട്ടിക്കൊടുത്തു വിളറിയ ഒരു ചിരി ചിരിച്ചു .

"ചായ വാങ്ങി വയറ്റിലേക്ക് ഒഴിക്കുമ്പോള്‍ കാശ് തരണം എന്ന് ഓര്‍ത്തില്ലേ ?പാലും പന്‍സാരയും എനിക്ക് വെറുതെ കിട്ടുന്നതല്ല  ."

"അമ്മായി; ഇത്ര നേരമായിട്ടും  ഒരു വള പോലും വിറ്റില്ല.വിറ്റാലുടൻ ഞാൻ നിങ്ങളുടെ കാശ്‌ തരാം.അല്ലെങ്കിൽ ചായക്കു പകരം ആ വിലക്കുള്ള വളകൾ എടുത്തോളൂ."

നിന്‍റെ  കെട്ട്യോള്‍ക്ക്‌ കൊണ്ടു പൊയികൊടുക്കെടാ ഈ പരട്ട കുപ്പിവളകള്‍ .എന്‍റെ  കാശ്‌ തരാതെ നിന്നെ ഞാന്‍ വിടില്ലടാ  തെമ്മാടീ"കിഴവി തര്‍ക്കിച്ചു  .

അവര്‍ക്കു വയസ്സേറെ ആയെങ്കിലും നാക്കിനു ഇപ്പോഴും ഒരു കുറവുമില്ല .കുറെ നേരത്തെ കശപിശക്ക് ശേഷം കിഴവിയും  വളക്കാരനും തമ്മില്‍ ഒരു ധാരണയിലെത്തി .കിഴവിയുടെ കണ്‍ വെട്ടത്ത് തന്നെ ഇരുന്നു കച്ചവടം നടത്തണം . ആദ്യത്തെ കച്ചവടം നടന്നാലുടന്‍ കിഴവിക്ക് കൊടുക്കാനുള്ള  പണം കൊടുക്കണം .

നിബന്ധനകള്‍  അംഗീകരിച്ച അയാൾ അടുത്തുള്ള മരത്തണലിൽ പോയി തന്‍റെ വളകള്‍ വാങ്ങാന്‍ ആരെങ്കിലും വരുന്നതും  പ്രതീക്ഷിച്ചിരുപ്പായി.അടുത്തു തന്നെ ഒരു നായ മുറുമുറുക്കുകയും കോട്ടുവായിടുകയും ഒക്കെ ചെയ്തു കൊണ്ട് കിടപ്പുണ്ടായിരുന്നു . ഇടയ്ക്കിടെ തന്നെ ശല്യപ്പെടുത്തുന്ന പ്രാണികളെ കടിക്കാന്‍ ആ നായ വിഫലശ്രമം നടത്തിക്കൊണ്ടിരുന്നു .

"ഇനിയും ബസ് വരാന്‍ എത്ര നേരമെടുക്കും? "വനിത ചോദിച്ചതു തന്നോടല്ല എന്ന ഭാവത്തില്‍ കിഴവി സമോവറിലേക്ക് കരി വാരിയിട്ടു .വനിതക്ക് ഉറക്കം വരുന്നുണ്ടായിരുന്നു . പക്ഷെ അടുത്ത ബസ് കൂടി പോയാല്‍ പിന്നെ നോക്കണ്ടാ . വീട്ടിലെത്താന്‍ ഒരു പാട് വൈകാന്‍ വയ്യ.ഇപ്പോഴത്തെ കാലമല്ലേ ?അത് കൊണ്ട് വനിത ഉറക്കത്തെ എങ്ങനെയെങ്കിലും ആട്ടിയകറ്റാന്‍ ശ്രമിച്ചു .

വെയിലിനു ചൂട് കൂടിയത് കൊണ്ടും വണ്ടികളുടെ വരവു കുറഞ്ഞത്‌ കൊണ്ടും പോലീസുകാരന്‍ മെല്ലെ മരത്തണലിലേക്ക് മാറി .ഇനി വലിയ പിരിവു കിട്ടില്ല .സ്കൂള്‍ വിട്ടു കഴിഞ്ഞാല്‍ മാത്രേ ഇനി വണ്ടികളുടെ എണ്ണം കൂടുകയുള്ളൂ .അതുമല്ല വളക്കാരനെ അയാള്‍ അപ്പോഴാണ്‌ കണ്ടത് .അവനെ പിഴിഞ്ഞ് കുറച്ചു കാശ് പിടുങ്ങണം എന്ന് പോലീസകാരന്‍ തീരുമാനിച്ചിരുന്നു .

"അനുവാദമില്ലാതെ ഇവിടെ കച്ചവടം പാടില്ല എന്നറിഞ്ഞുകൂടെ?എഴുന്നേറ്റ് പോടാ "

"സാറേ ,രാവിലെ മുതല്‍ നടക്കുന്നതാ ,ഒന്നും വിറ്റില്ല,ആ തള്ളക്കു കൊടുക്കാന്‍ ഉള്ള കാശ് ഒത്താല്‍  ഞാന്‍ എഴുന്നേറ്റ് പൊയ്ക്കോളാം"പോലീസുകാരന്‍ ചുറ്റും നോക്കി വളപ്പെട്ടിയുടെ അടുത്തു കുന്തിച്ചിരുന്നു .

"നിന്‍റെ കയ്യില്‍ ഇപ്പോള്‍ എത്ര പൈസയുണ്ട് ?"താഴ്ന്ന  ശബ്ദത്തില്‍ അയാള്‍ ചോദിച്ചു .
വളക്കാരന്‍ കൈ മലർത്തി.അറയ്ക്കുന്ന ചീത്ത വാക്കുകൾ പറഞ്ഞു കൊണ്ടു പോലീസുകാരൻ കുറെ വളകൾ വാരിയെടുത്തു.തടുക്കാൻ വളക്കാരന്‍ ശ്രമിച്ചതും വിനയായി .കുറച്ചു വളകള്‍ കൂടി വീണുടഞ്ഞു ,കൂടുതല്‍ നഷ്ടം .!
കുറച്ചു സമാധാനം കിട്ടിയത്‌ പോലെ പൊലീസുകാരൻ വെയിറ്റിംഗ്‌ ഷെഡിൽ വന്നിരുന്നു..

"എങ്ങോട്ടാ പെങ്ങളെ ?"
വനിത മറുപടി പറയാതെ തോള്‍ ചുളുക്കിക്കാട്ടി.പോലീസുകാരന്‍ നാടന്‍ മദ്യത്തിന്‍റെ മണമുള്ള ഒരു ഏമ്പക്കം ശബ്ദത്തോടെ പുറത്തേക്ക് വിട്ടു .വനിതയെ നോക്കി ഒരു വഷളന്‍ ചിരി ചിരിച്ചു ."ഇവിടെ അത്ര നല്ല ഏരിയ അല്ല ,ഞാന്‍ ഉള്ളത് കൊണ്ടാണ് പിന്നെ അധികം പ്രശ്നങ്ങള്‍ ഇല്ലാത്തത് ."

 അയാള്‍ പതിയെ വനിതയുടെ അടുത്തേക്ക്‌ നീങ്ങിയിരുന്നു .മനം പിരട്ടലുണ്ടാക്കുന്ന  ഒരു ഗന്ധം വനിതയെ ചൂഴ്ന്നു .അറിയാത്ത മാതിരി പോലീസുകാരന്‍ വനിതയെ തോണ്ടുകയും ഞോടുകയും ഒക്കെ ചെയ്യാന്‍ തുടങ്ങി .ഇടങ്കണ്ണിട്ടു അതെല്ലാം കാണുന്നുണ്ടായിരുന്നെങ്കിലും കിഴവി  പാത്രം മോറുന്ന തന്‍റെ പണിയില്‍ ഒരു വിഘ്നവും വരുത്തിയില്ല .കുറച്ചായപ്പോള്‍ സഹികെട്ടു വനിത  വള വാങ്ങാനെന്ന വ്യാജേന വളക്കാരന്‍റെ അടുത്തേക്ക്‌ ചെന്നു.ഇച്ഛാഭംഗം കലര്‍ന്ന ഒരു ചിരിയോടെ പോലീസുകാരന്‍ വെയിറ്റിംഗ് ഷെഡില്‍ തന്നെ ഇരുന്നു .

ബസ് വരുന്നത് വരെ എങ്ങനെയെങ്കിലും വളക്കാരന്‍റെ അടുത്തു വള തെരഞ്ഞെടുക്കുന്നതായി  നടിച്ചു കൊണ്ട് ചെലവഴിക്കണം എന്ന് മാത്രമേ വനിതക്ക് ഉണ്ടായിരുന്നുള്ളൂ .അവളുടെ കയ്യില്‍ അത്രക്കൊന്നും പൈസ ഉണ്ടായിരുന്നില്ലല്ലോ  എങ്കിലും അവള്‍ ഓരോന്നായി എടുത്തു നോക്കി ,അണിഞ്ഞു നോക്കി ,വില ചോദിച്ചു വളക്കാരന്‍ മര്യാദയോടെ ഓരോന്നായി എടുത്തു കാട്ടി ക്കൊണ്ടിരിക്കുകയായിരുന്നു.  അടുത്തു കിടന്നിരുന്ന നായയെ എന്താണ് പ്രകോപിപ്പിച്ചത് എന്ന് അറിയില്ല, ഒരൊറ്റച്ചാട്ടം! ,വനിതയുടെ കൈത്തണ്ടയില്‍ അത് പല്ലുകളാഴ്ത്തി.
ഭയന്നു പോയ വനിത എങ്ങനെയോ കൈ വിടുവിച്ചു ,കയ്യില്‍ രണ്ടു കടിപ്പാടുകളില്‍ നിന്ന് ചോര പൊടിഞ്ഞു .ചോര കണ്ടാല്‍ വനിതക്ക് തല ചുറ്റല്‍ വരും ,വീഴാതിരിക്കാന്‍ അവള്‍ വെറും നിലത്തു കുത്തിയിരുന്നു  .ആരൊക്കെയോ അടുത്തു കൂടി .എല്ലാവരും ചേര്‍ന്ന് വനിതയെ വെയിറ്റിംഗ് ഷെഡില്‍ കൊണ്ട് പോയിരുത്തി .

"പേയുള്ള നായ ആണെന്ന് തോന്നുന്നു "കഴുകന്‍ പറഞ്ഞു "ആ വളക്കാരന്‍ തെണ്ടിയുടെ കൂടെ വന്നതാ " ആരോ ഒരു കൈലേസ് കൊണ്ട് വനിതയുടെ മുറിവ് കെട്ടി ."ആ വളക്കാരന്‍ പന്നി അവനാ എല്ലാറ്റിനും കാരണം .കുട്ടി വരൂ എന്‍റെ ഓട്ടോയില്‍ ഡോക്ടറെ പോയി കാണാം" .കഴുകന്‍ ക്ഷണിച്ചു ,അത്ര നേരമായിട്ടും ഒരു ഓട്ടം കിട്ടാത്തതില്‍ അയാള്‍ വല്ലാതെ അസ്വസ്ഥനായിരുന്നു .

വനിത തലയാട്ടി കഴുകന്‍റെ സഹായം നിരസിച്ചു .അവള്‍ക്കു ഇനിയും ബസ് വരാത്തത് എന്തെന്ന് ഉള്ള ആധിയായിരുന്നു .
"പേ പിടിക്കുന്നെങ്കില്‍ പിടിക്കട്ടെ.എങ്ങനെയെങ്കിലും വീട്ടിലെത്തിയാല്‍ മതി "
"സാര്‍ ഇവിടെയുണ്ടായിട്ടു എന്താ കാര്യം ?പെണ്ണുങ്ങള്‍ക്ക്‌ ബസ് കാത്തിരിക്കാന്‍ പോലും പറ്റാതായി "കഴുകന്‍ ഏതാണ്ട്  ഒത്തുവന്ന ഒരു ഓട്ടം പോയതിന്‍റെ കലിപ്പ് തീര്‍ത്തത് പോലീസുകാരനോടാണ്‌ .പോലീസുകാരന്‍ മീശപിരിച്ചു കൊണ്ടെഴുന്നേറ്റു .

"ആ പട്ടിക്കു പേ കാണുമായിരിക്കും .അതിനെ കൊല്ലണം"കഴുകന്‍ ആവശ്യപ്പെട്ടു ബെല്‍റ്റ്‌ ഒന്ന് കൂടി വലിച്ചു കയറ്റി പോലീസുകാരന്‍  വനിതയെ നോക്കി കണ്ണിറുക്കി വളക്കാരനടുത്തെക്ക്  നടന്നു .
ഠേ..!..ഠേ...!
ഓലപ്പടക്കം പൊട്ടുന്ന പോലെയുള്ള ഒച്ച രണ്ടു പ്രാവശ്യമുയര്‍ന്നു .
ഒരു ഞരക്കം പോലും ഉണ്ടാക്കാതെ വളക്കാരന്‍ പിറകോട്ടു മറിഞ്ഞു .ചോരയുടെ ഒരു കൊമ്പു അയാളുടെ തലയ്ക്കു മീതെ ഉയര്‍ന്നു .നായയ്ക്കാണ് ആദ്യ വെടിയേറ്റതെന്നു തോന്നുന്നു .അപ്പോള്‍ത്തന്നെ അത് ചത്തുപോയിരുന്നു .

"അതു നന്നായി.ആ പന്നി വന്നേപ്പിന്നെ ഒരു ഓട്ടം പോലും കിട്ടിയില്ല.അവന്റെ കിടപ്പു നോക്കിയേ.ഹഹഹഹ".
കഴുകന്‍ ഒച്ചയുണ്ടാക്കിച്ചിരിച്ചു .അയാള്‍ക്ക്‌ സന്തോഷം സഹിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല .തോക്ക് ബെല്‍റ്റിലെ തോലുറയില്‍ തിരുകി പോലീസുകാരന്‍ തിരിച്ചു വന്നു ,കണ്മുന്നില്‍ നടന്ന സംഭവം വിശ്വസിക്കാനാവാതെ തരിച്ചിരുന്ന വനിതയുടെ ഒപ്പം തന്നെ ഇരിക്കുന്നതില്‍ പോലീസുകാരന്‍ ഇത്തവണ ഒരു മടിയും കാണിച്ചില്ല .'താന്‍ വളക്കാരനെ കൊല്ലുകയല്ല ,വനിതയെ കല്യാണം കഴിക്കുകയാണ് ചെയ്തത്' എന്നപോലെയായിരുന്നു അയാളുടെ ഭാവം .

താന്‍ ഏതോ ഒരു മഹാകാര്യം ചെയ്തു എന്ന ഒരു ഭാവം അയാളുടെ മുഖത്തുണ്ടായിരുന്നു ,അത് മറയ്ക്കാന്‍ വേണ്ടിയാകാം പൊലീസുകാരൻ കിഴവിയൊട്‌ ഒരു ചായ എടുക്കാൻ ആവശ്യപ്പെട്ടു
.
"സമോവറില്‍ തിളച്ച  വെള്ളമാണ്കിടക്കുന്നത്. എടുത്തുനിന്‍റെ തലയില്‍ കൊട്ടും,പറഞ്ഞേക്കാം"കിഴവി തൊള്ളയിട്ടു
"ചായയുടെ പൈസ കിട്ടാത്തതിന്റെ കഴപ്പാ തള്ളക്ക് ;.ചാകാറായി.അല്ലെങ്കിൽ ഞാൻ തന്നെ തീർത്തേനെ."
"കൊല്ലടാ എന്നേ നീ ചുണയുണ്ടെങ്കില്‍!  തന്തയില്ലാത്തവനെ".
കിഴവി കോപത്തോടെ ഉന്തുവണ്ടിക്ക് പിന്നില്‍ നിന്ന് ചാടിയിറങ്ങി ,ചീറിക്കൊണ്ട് അടുത്തെങ്കിലും പൊലീസുകാരൻ അവരെ ഗൗനിക്കാതെ വനിതയോട്  ഒച്ചയടക്കിപ്പറഞ്ഞു.

"നിനക്കു വേണ്ടി മാത്രമാ ഞാൻ അവനെ കൊന്നത്‌!"
"നിനക്കു വേണ്ടി "എന്ന പദത്തിനു രണ്ടർത്ഥം കൽപ്പിക്കാവുന്ന വിധം തന്‍റെ  ശബ്ദത്തിൽ അയാൾ ഒരു ഊന്നൽ കൊടുത്തിരുന്നു.
എനിക്കു വേണ്ടിയൊ?"; വനിത അമ്പരപ്പോടെ ചോദിച്ചു
 .
."പിന്നല്ലാതെ ;അയാളുടെ നായ നിന്നെ കടിച്ചതിനല്ലേ ആ നായിനെയും  നായിന്‍റെ  മോനെയും  ഞാൻ തട്ടിയത്‌.അത്‌ ഓർമ്മ വേണം.നമ്മളെ ഒന്ന് വേണ്ട വിധം പരിഗണിക്കണം "അശ്ലീലമായ ഒരു ചിരിയോടെ അയാൾ മീശ കടിച്ചു ചവച്ചു.

"അതിനു ആ നായ്‌ അയാളുടെത്‌ ആണെന്നു നിങ്ങള്‍ക്കു എങ്ങനെ മനസ്സിലായി?"
"ആ;അതൊന്നുമെനിക്കറിയില്ല.പക്ഷെ നിങ്ങൾ അടക്കം ഇവിടെയുള്ള എല്ലാവരും അവൻ ചാവണം എന്നു കൊതിച്ചിരുന്നു.നേരല്ലേ?ദെ ആ കള്ളന്‍റെ  ചിരി കണ്ടൊ?"
കഴുകന്‍ അപ്പോഴും കക്കക്ക എന്ന് ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു . 
താൻഅങ്ങനെയൊന്നും  ആഗ്രഹിച്ചില്ല എന്നും തന്‍റെ ആഗ്രഹങ്ങള്‍ തീരുമാനിക്കാന്‍ നിങ്ങള്‍ ആരാണ് എന്നൊക്കെ  പറയണമെന്നുണ്ടായിരുന്നെങ്കിലും വനിത  മൗനം പാലിച്ചു.അവള്‍  ആലോചിച്ചിരുന്നത്‌ തന്‍റെ  ഇടുപ്പിലേക്കു ഇഴഞ്ഞു കയറുന്ന അഴുക്കും കറയും പിടിച്ച വിരലുകളെ എങ്ങനെ ഒഴിവാക്കും എന്നു മാത്രമായിരുന്നു.

28 comments:

  1. കഥ വായിക്കാന്‍ രസമുണ്ട്.
    പക്ഷെ വെറുതെ ആ വള കച്ചവടക്കാരനെ കൊല്ലുന്നതിലെ ഔചിത്യം ദഹിക്കുന്നില്ല. ഇനി എന്‍റെ പരിമിതമായ വായനക്ക് അപ്പുറം നില്‍ക്കുന്ന
    അര്‍ത്ഥങ്ങള്‍ ഉണ്ടോ എന്നറിയില്ല.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. പലപ്പോഴം എഴുത്തുകാരന്റെ മനസ്സ് അക്ഷരങ്ങളില്‍ പ്രതിഫളിക്കില്ല.. സാരില്ല.. തുടര്‍ന്നും എഴുതുക.. ശുഭാശംസകള്‍..

    ReplyDelete
  5. എന്തൊക്കെയോ ആണെന്നല്ലാതെ എന്താണെന്ന് എനിക്ക് തിരിഞ്ഞില്ല. പലതും ചിന്തിക്കാം. അതുകൊണ്ട് കാര്യമില്ലല്ലോ.
    വനിതയും കഴുകനും കച്ചവടക്കാരനും പോലീസും നായയും ഒക്കെയായി കഥ വായിക്കാന്‍ രസം തോന്നി.
    വായനയുടെ കുറവായിരിക്കാം ഇത്തരം കഥകള്‍ വായിക്കുമ്പോള്‍ അങ്ങെത്താന്‍ കഴിയാതെ വരുന്നത്.
    ആശംസകള്‍ സിയാഫ്.

    ReplyDelete
  6. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു കൊലപാതകം, അതും ഡ്യൂട്ടിയിലിരിക്കുന്ന ഒരു പോലീസുകാരന്‍ കവലയില്‍ എല്ലാവരെയും സാക്ഷിനിര്‍ത്തി നടത്തുമ്പോള്‍ ഉണ്ടാകാവുന്ന പ്രതികരണങ്ങളൊന്നും ഉണ്ടാകാത്തതില്‍ അത്ഭുതം തോന്നുന്നു. എങ്കിലും കഥയില്‍ ചോദ്യമില്ലല്ലോ... ഇങ്ങനെ സംഭവിക്കുമോ എന്ന സന്ദേഹം ബാക്കി നില്‍ക്കുന്നു. ഉത്തരാധുനിക കഥകള്‍ എനിക്കു ദഹിക്കാത്തതായിരിക്കാം കാരണം... ആശംസകള്‍

    ReplyDelete
  7. ഇന്നിന്‍റെ ആധിയും,വ്യാധിയും,സാംസ്കാരികശൂന്യതയും,പാവപ്പെട്ടവന്‍റെ
    നിസ്സഹായവസ്ഥയും,അധികാരത്തിന്‍റെഹുങ്കും എല്ലാം അനുവാചകനില്‍ അറപ്പും,വെറുപ്പും അനുഭവപ്പെടാന്‍ തരത്തില്‍ അവതരിപ്പിക്കാന്‍
    കഴിഞ്ഞിരിക്കുന്നു.നിസ്സഹായയാണെങ്കിലും അവസാനം കിഴവിയുടെ
    തൊള്ളയിടല്‍ അര്‍ത്ഥഗര്‍ഭമായി.....
    അവിടവിടെ വാക്കുകളില്‍ തെറ്റ് വന്നിട്ടുണ്ട്.
    കഥ ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  8. " ഗുരു " വാണു താരമെന്ന് വളരെ ബുദ്ധിമുട്ടി അറിയാൻ കഴിഞ്ഞു..

    ഏവർക്കും ആസ്വാദ്യമാകുന്ന തരത്തിലുള്ള കഥകളും കവിതകളും തന്നെ പ്രിയം എന്നറിയിക്കട്ടെ,..!
    രണ്ടുമൂന്ന് തവണ വായിച്ചിട്ടും മനസ്സിലാകാതെ നെറ്റി ചുളിഞ്ഞ്‌ പോകുന്ന വായനക്കാരെ പ്രോത്സാഹിപ്പുന്നത്‌ ഉചിതമല്ല.. :(

    ന്റെ മാത്രം അഭിപ്രായം..
    ഈ അഭിപ്രായത്തിന്റെ പിന്നിൽ വാളും പരിചയും എടുക്കരുതെന്ന് അപേക്ഷ..!

    ReplyDelete
  9. ഡ്യൂട്ടിയില്‍ നില്‍ക്കുന്ന ഒരു പോലീസുകാരന്‍ ഇത്ര നിസ്സാരമായി ഒരാളെ കൊല്ലുകയോ..?
    എന്തോ...? സാധാരണ കഥകള്‍ മനസ്സിലാകുന്ന ഒരു വായനക്കാരിയുടെ സംശയമാണ്.
    ഇനി ഈ കഥക്ക് വേറെ ഒരു കണ്ണിലൂടെയും ഒരു വായന ഉണ്ടോ..? അറിഞ്ഞു കൂട...അഭിപ്രായങ്ങള്‍ വരട്ടെ. "ഗുരു അത്ര തന്നെ ലഘു" എന്ന തലക്കെട്ട് പോലും മനസ്സിലാകാത്ത വ്യഥ വേറെ.

    ReplyDelete
  10. ആ കൊല ഒഴിവാക്കാമായിരുന്നു . അങ്ങനെ ഒന്ന് നടക്കുമോ . കഥ നടക്കുന്നത് ഇപ്പോഴത്തെ കാലഘട്ടത്തില്‍ ആണെന്ന് തോനുന്നു , ഓട്ടോ റിക്ഷ , കഴുകന്‍ നോട്ടം , 6 രൂപക്ക് ചായ .... ആ സ്ഥിതിക്ക് ആ ഒരു കൊല എല്ലാ സുഖവും കെടുത്തി .....
    ;(

    ReplyDelete
  11. പ്രിയരേ;
    സ്വന്തം കഥയെ വിശദീകരിക്കുന്നതു രഹസ്യഭാഗങ്ങൾ അന്യരെ കാണിക്കും പൊലെ ലജ്ജാകരം ആണു എന്നെനിക്കറിയാം.എന്നാലും ചില വായനക്കാരുടെ സംശയങ്ങൾ തീർക്കാതെ വയ്യ.പ്രൈവറ്റ്‌ ചാട്ടിലും ഒരു ഗ്രൂപ്പിലും ബ്ലൊഗിലും ഉന്നയിക്കപ്പെട്ട പ്രധാന പരാതി കഥ മനസ്സിലാകുന്നില്ല എന്നാണു.ഈ കഥയിൽ സാധാരണക്കാർക്കു മനസ്സിലാകാത്ത ഒരു വാക്കൊ സംഭവമൊ ഞാൻ ഉപയോഗിചിട്ടില്ല.പൊലീസുകാരൻ വെടി വെക്കുന്നതും മനസ്സിലാക്കാൻ പ്രയാസമുള്ള കാര്യമല്ലല്ലൊ.എന്നാൽ അതു യുക്തിഭദ്രം അല്ല എന്നു പറയാം.അങ്ങനെ പറയുന്നതു ന്യായം തന്നെ.പക്ഷെ ആ യുക്തിയ്‌ല്ലായ്മ കഥക്കു വെണ്ടി ഞാൻ മനപ്പൂർവ്വം വരുത്തിയതാണു.എന്തിനെന്നു ബാക്കി വിശദീകരണങ്ങൾ കേൾക്കുമ്പൊൾ മനസ്സിലാകും.
    ഒന്നാമത്തെ ചൊദ്യം ഒരാൾ അങ്ങനെ ഒരു കാര്യവും ഇല്ലാതെ വെടി വെക്കുമൊ എന്നാണു.വെക്കും.ഒളിമ്പ്യൻ ആയ ഒരാൾ പ്രണയിനിയെ കള്ളൻ എന്നു കരുതി കൊലപ്പെടുത്തിയതിൽ എന്തു യുക്തി ആണുള്ളതു?അതു അയാൾ കള്ളം പറഞ്ഞതായിരിക്കാം.ഇവിടെയും അത്തരം ഒരു ഞൊണ്ടിന്യായം അയാൾ പറയുന്നുണ്ടു്.നീതി നടത്താൻ ചുമതലപ്പെട്ടവർ അനീതി കാണിക്കുമ്പൊൾ എപ്പൊഴും ഇത്തരം ന്യായങ്ങൾ പറയാറുണ്ടു.
    എന്നാൽ കഴിഞ്ഞ ദിവസം പ്രഭാകരന്റെ മകനെ ഭരണകൂടം ഞാൻ ഈ കഥയിൽ ചിത്രീകരിച്ച ഞൊണ്ടിന്യായം പൊലും ഇല്ലാതെ വെടി വെച്ചു കൊന്നു.ആരും അനങ്ങിയില്ല.ചാനലുകളൊ കാക്ക തൂറിയാൽപ്പൊലും സ്റ്റാറ്റസ്‌ ഇടുന്ന ഫേസ്ബുക്കു ശിങ്കങ്ങളൊ ഒന്നും.യഥാർത്ഥ ജീവിതത്തിൽ ഇല്ലാത്ത യുക്തിയും ന്യായവും കഥയിൽ പാലിച്ചെ തീരൂ എന്നൊ?
    ഇനി അടുത്ത പരാതി റ്റ്രാഫിക്‌ പൊലീസുകാരനു എവിടുന്നാ തോക്ക്‌ എന്നാണു്.അയാൾ റ്റ്രാഫിക്‌ പോലീസുകാരൻ ആണെന്നു ഞാൻ പറഞ്ഞിട്ടില്ല.വാഹനം പരിശൊധിച്ചു പണം പിടുങ്ങാറുള്ളതു റ്റ്രാഫിക്‌ പൊലീസുകാർ ആണെന്നു ഒരിക്കലും സ്വന്തമായി ബൈക്ക്‌ എങ്കിലും ഉള്ള ഒരാളും പറയില്ല.പിന്നെ മുംബയിലും മറ്റും യാത്ര ചെയ്താൽ റ്റ്രാഫിക്‌ പൊലീസുകാരന്റെ കയ്യിലും നിങ്ങൾക്കു മെഷീൻ ഗൺ വരെ കാണാൻ പറ്റും.
    ഇനി ഇതു കേരളീയ പശ്ചാത്തലത്തിൽ നടക്കില്ല എന്നാണു മറ്റൊരു വാദം.അങ്ങനെ ആണെന്നു ആ കഥയിൽ എവിടെയും പരാമർ ശമില്ല.കേരളത്തിൽ നടക്കുന്ന കഥ മാത്രമെ എഴുതാൻ പാടുള്ളൂ എന്നില്ലല്ലൊ.
    ഇനി അത്തരം ഒരു ക്രൂരത നടന്നിട്ടു ആരും പ്രതികരിചില്ലല്ലൊ എന്ന ചൊദ്യം.പ്രഭാകരന്റെ മകന്റെ കൊലപാതകത്തിൽ ആരു പ്രതികരിച്ചു?പൊട്ടെ.ഈ സംഭവം നിങ്ങളുടെ കണ്മുന്നിൽ നടന്നാൽ നിങ്ങൾ പ്രതികരിക്കുമോ?എത്രയും പെട്ടെന്നു സ്ഥലം കാലിയാക്കും.അത്ര തന്നെ.ഇവിടെ ഒരു കിഴവി ചീറുന്ന്നുണ്ടു.അതു മറക്കരുതു.
    വെടി വെച്ച ശേഷം പൊലീസുകാരൻ എന്തു കൊണ്ടു സ്ഥലം വിട്ടില്ല എന്നു വെറൊരു ചൊദ്യം.ഒരു പൊലീസുകാരനും സ്ഥലം വിടില്ല.കാരണം കുറ്റവാളികൾ സ്ഥലം വിടുന്നതു പൊലീസിനെ പെടിച്ചാണു.കുറ്റം ചെയ്തതെ പൊലീസ്‌ അയാൾ ആരെ പേടിക്കണം?അവിടെയുള്ളവർ ഒരാളൊഴികെ എല്ലാവരും അതിനെ ആസ്വദിക്കുകയും മൗനം കൊണ്ടു അംഗീകരിക്കുകയും ചെയ്യുമ്പൊൾ പ്രത്യെകിച്ചും.?
    പ്രിയപ്പെട്ട വായനക്കാർ ഉന്നയിച ചൊദ്യങ്ങൾ എല്ലാം ചോദിപ്പിക്കണം എന്നു ഉദ്ദെശിച്ചു തന്നെയാണു ഈ കഥ ഞാൻ എഴുതിയതു.പക്ഷെ എന്നോടല്ല ഇത്തരം ക്രൂരത ചെയ്യുന്നവരൊട്‌.ഭരണകൂടങ്ങളൊടു.നീതിപാലകരോട്‌.
    വേദനിപ്പിക്കുന്ന മറ്റൊരു ആരൊപണം കൂടി ഞാൻ കെൾക്കെണ്ടി വന്നിരിക്കുന്നു.വായനക്കാരൊടുള്ള പുച്ഛം കൊണ്ടാണു ഈ കഥ എഴുതിയതു എന്നാണത്‌.എല്ലാ വായനക്കാരൊടും തികഞ്ഞ ആദരവൊടെ പറയട്ടെ.എനിക്ക്‌ എന്റെ ശൈലിയിലെ കഥ എഴുതാൻ കഴിയൂ.അതെന്റെ പരിമിതിയാണു.അല്ലാതെ വായനക്കാരോടുള്ള വെല്ലുവിളി അല്ല.വായനക്കാരുടെ വിമർശ്ശനങ്ങൾ എല്ലായ്പ്പൊഴും സ്വാഗതം ചെയ്യുന്നു.കഥ വായിച്ച അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി

    ReplyDelete
    Replies
    1. ആവിഷ്കാരസ്വാതന്ത്ര്യം

      ശ്രീലങ്കന്‍ സൈന്യം ബാലചന്ദ്രനെ കൊന്നതിനെപ്പറ്റി ചൂടേറിയ വാഗ്വാദങ്ങള്‍ നടന്നു ഞങ്ങളും കൂടെ ജോലി ചെയ്യുന്ന ശ്രീലങ്കന്‍ സുഹൃത്തുക്കളുമായിട്ട്. ഒരുവന്‍ പോലും അതിനെതിരെ പറഞ്ഞില്ല എന്ന് മാത്രമല്ല, ശക്തമായി ന്യായീകരിക്കയും ചെയ്തു. വിഷവിത്തിനെ മുളയിലേ നുള്ളിക്കളഞ്ഞു എന്നാണവര്‍ പറയുന്നത്. ആ കൊല അവര്‍ക്ക് തികച്ചും ന്യായയുക്തമായിരുന്നു. നിങ്ങളാരും ഞങ്ങടെ നാട്ടില്‍ വന്ന് ജീവിച്ചിട്ടില്ലല്ലോ, ഏത് നിമിഷവും പൊട്ടാവുന്ന ഒരു ബോംബിനെ ഭയന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ജീവിച്ചിട്ടുണ്ടോ എന്ന് ഒരു ചോദ്യവും. പക്ഷെ ഡിപ്ലോമാറ്റിക് ആയ ഗവണ്മെന്റ് ഒരിയ്ക്കലും സമ്മതിക്കില്ല അങ്ങനെയൊരു കൊലപാതകം. മോര്‍ഫ് ചെയ്തുണ്ടാക്കിയ ചിത്രങ്ങളാണെന്ന് സര്‍ക്കാര്‍ പറയുകയും ചെയ്തിട്ടുണ്ട്.

      Delete
    2. അജിത്തേട്ടാ,
      ആ ന്യായീകരിച്ചവനില്ലേ,അതവനാണു,കഴുകൻ..!!

      Delete
  12. ഇനി ജീയുടെ തലക്കെട്ടിനെ പറ്റിയുള്ള സംശയം.ഗുരുതരമായ സംഗതികളെ നമ്മൾ എത്ര ലാഘവത്തൊടെയാണു കാണുന്നതു എന്നു സൂചിപ്പിക്കാൻ ആണു ആ തലക്കെട്ടു നൽകിയതു.എതാണ്ടു ഈ കഥയിലെ പൊലെ തന്നെ നടന്ന ഒരു സംഭവത്തിനു ആ ഗുരുവുമായി ബന്ധമുണ്ടു താനും.

    ReplyDelete
  13. വിശദീകരണം വന്നതിന് ശേഷമാണ് കഥ വായിച്ചത്, ഇല്ലായിരുന്നെങ്കില്‍ പോലീസുകാരന്റെ കയ്യില്‍ നിന്ന് തോക്ക് വാങ്ങിച്ച് ഞാനും വെച്ചേനെ വെടി. :)

    ReplyDelete

  14. ഓടിവന്നപ്പോഴേക്കും ഒരെണ്ണം പൊടി പറത്തി നീങ്ങി...
    അപ്പോള്‍ വേറെയും ബസ്സ്‌ അവിടെ ഉണ്ടെന്നു ധ്വനി ഉണ്ട് .


    കഥ സുഖം ആയില്ല ..ട്ടോ .എന്നാലും വിവരണം കൊള്ളാം ,,,
    ഭാവുകങ്ങള്‍

    ReplyDelete
  15. ഇപ്പോ കാര്യം മനസ്സിലായി . കല്ല്‌ എറിയാതെ ഞാന്‍ തിരികെ കൊണ്ട് പോകുന്നു :) ഗുരുവേ അത്ര ലഖുവല്ലാത്ത കഥ :)

    ReplyDelete
  16. കഥ ഗൂപ്പില്‍ പോസ്റ്റ്‌ ചെയ്തപ്പോഴേ വായിച്ചിരുന്നു. പ്ലോട്ട് മുന്പ് സിയാഫ്തന്നെ എഴുതിയ ഒരു ചെറുകഥയുമായി സാമ്യം തോന്നിയിരുന്നു. ഇനി വായനക്കാരില്‍ ഭൂരിപക്ഷത്തിന്റെയും കാഴ്ചപ്പാടിലേക്ക് വരാം. (പോലീസുകാരന്‍ സിമ്പിളായി വെടിവേക്കുമോ ഇല്ലയോ എന്നത് അവിടെ നില്‍ക്കട്ടെ)

    തികച്ചും സ്വാഭാവികമായി പറഞ്ഞവസാനിപ്പിച്ച ഒരു സംഭവത്തിനെ പ്രതീകാത്മകമായ ചിന്തയിലേക്ക്‌ കൂട്ടിക്കൊണ്ടുപോകാന്‍ വായനക്കാന് കഴിയാതെപോകുന്നു. അല്ലെങ്കില്‍ അങ്ങനെയൊരു പശ്ചാത്തലം ഒരുക്കുവാന്‍ കഥാകൃത്തിനു സാധിച്ചില്ല എന്ന് തോന്നുന്നു. മുകുന്ദന്റെ ഡല്‍ഹി എന്ന ചെറുകഥയക്കവസാനം വരുത്തിയ രീതിയിലൊരു രൂപമാറ്റം മനപ്പൂര്‍വം പകര്‍ത്താതിരുന്നതാണ് എന്ന് വിശ്വസിക്കുന്നു.

    രവിവര്‍മ്മ ചിത്രങ്ങളുടെ നാച്ചുറാലിട്ടിയെ ഇന്നും നെഞ്ചോട്‌ ചേര്‍ക്കുമ്പോഴും മോഡേന്‍ കന്സപ്ടിലെ വര്‍ണ്ണചിത്രങ്ങളുടെ നേര്‍ക്ക് കണ്ണടച്ചു കളയുന്ന രീതിയിലുള്ള ഒരുതരം സൌന്ദര്യാസ്വാദനം എന്ന് കരുതിക്കോളൂ. നിറങ്ങളില്‍ നിറയുന്ന കണ്സപ്റ്റ് ചിത്രകാരന്‍തന്നെ വിശദീകരിച്ചു കൊടുക്കേണ്ടി വരിക,അല്ലെങ്കില്‍ ആസ്വാദകന് അത് മനസിലാക്കാന്‍ കഴിയാതെ പോകുക! അതുതന്നെയല്ലേ ഇവിടെയും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

    ReplyDelete
  17. കഥാകൃത്ത് വിശദീകരണവുമായി ഇറങ്ങേണ്ടതില്ലായിരുന്നു എന്നത് എന്റെ വ്യക്തിപരമായ അഭിപ്രായം... വായനക്കാരനും,കഥക്കുമിടയിൽ കഥാകൃത്തിന് സ്ഥാനമില്ലെന്നറിയുക....

    അസ്വാഭാവികമായ കാര്യങ്ങളെന്നും, അലസമായ എഴുത്തെന്നും വായനക്കാരന് തോന്നുന്ന രീതിയിൽ സമകാലികജീവിതസമസ്യകളുടെ അഴിച്ചെടുക്കുവാനാവത്ത കുരുക്കുകൾ ഒരു തെരുവിന്റെ ആവിഷ്കാരത്തിലൂടെ കഥാകൃത്ത് വായനക്കാരന് ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു. കഥകളുടെ ധാരകളെക്കുറിച്ചുള്ള അജ്ഞതകൊണ്ടും, കഥകളിലെ കഥ മാത്രം കാണുന്നതുകൊണ്ടുമാവാം.,സാധാരണ വായനക്കാരനായ എനിക്ക് നല്ലൊരു വായനാനുഭവം തന്നെയാണ് ഈ കഥയും....

    ReplyDelete
  18. ഇത്രയും തൊട്ടാവാടിയായ ഒരാൾക്ക് ലോക്കോപൈലറ്റായി എങ്ങനെ ജോലി കിട്ടി എന്നു മനസ്സിലാകുന്നില്ല.

    കഥ എഴുതുമ്പോൾ എഴുത്തുകാരൻ മറ്റുള്ളവരെക്കാൾ ഒരുയർന്ന തലത്തിലാണ്. നഴ്സറി കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നതുപോലെ താഴേക്കിറങ്ങി വരേണ്ടതില്ല. മനസ്സിലാവുന്നില്ല എന്ന് സുഹൃത്തുക്കൾ പരിതപിച്ചാൽ അവർക്കത് രഹസ്യമായി വിശദീകരിച്ചു കൊടുക്കാം. താല്പര്യമുണ്ടെങ്കിൽ മാത്രം, അതവർക്ക് നൽകുന്ന ഒരൗദാര്യമാണ് എന്ന ബോധ്യത്തോടെ. ഒരു കഥ വായിച്ച് നാലഞ്ച് കുഞ്ഞുങ്ങൾ ( അല്ലെങ്കിൽ അത്രയും മാനസിക വളർച്ചയുള്ളവർ ) ഒന്നും മനസ്സിലായില്ല എന്നു പരാതിപ്പെട്ടാൽ വിശദീകരണത്തിനു നിൽക്കേണ്ടതുണ്ടോ ? ( ഇവിടെ പരാതിപ്പെട്ടത് മാനസിക വളർച്ചയില്ലാത്തവരാണ് എന്ന അർത്ഥത്തിലല്ല.. പൊതുവായ ഒരു ചോദ്യമുയർത്തിയെന്നു മാത്രം ) ഹിഗ്ഗ്വിറ്റയും പൂവൻപഴവും കടൽത്തീരത്തും എല്ലാം വിശദീകരിക്കാൻ എൻ എസ് മാധവനും കാരൂരും ഒ വി വിജയനുമെല്ലാം വായനക്കാരന്റെ പടികൾ കയറിയിറങ്ങേണ്ടതുണ്ടോ ?

    തന്റെ കഥ തന്നോളം ഉൾക്കൊള്ളുന്ന ഒരു വായനക്കാരനെ എഴുത്തുകാരൻ സ്വപ്നം കാണുന്നുണ്ട്. ഇന്നല്ലെങ്കിൽ നാളെ അങ്ങനെയൊരാൾ കടന്നു വരും എന്ന ശുഭപ്രതീക്ഷയും എഴുത്തുകാരൻ പുലർത്തേണ്ടതുണ്ട്. ഇന്നത്തെ വായനക്കാർക്ക് മനസ്സിലാകുന്നില്ല എന്നുള്ളത് അയാളെ നിരാശനാക്കേണ്ടതില്ല. എത്രയോ മികച്ച സൃഷ്ടികൾക്ക് അവയുടെ സ്രഷ്ടാക്കളുടെ ജീവിതകാലത്ത് ആസ്വാദകരെ കിട്ടിയിട്ടില്ല.

    കഥയിലേക്ക് വരാം. ബസ്സ്റ്റോപ്പ്, ഓട്ടോക്കാരൻ, വളക്കാരൻ, തെരുവുനായ, സുന്ദരി എല്ലാം നിത്യജീവിതത്തിൽ കാണുന്നതു തന്നെ. തോക്കേന്തിയ പോലീസുകാരനും അയാളുടെ വെടിയേറ്റു കൊല്ലപ്പെടുന്ന തെരുവുനായും വളക്കാരനും മാത്രം ഒരസ്വാഭാവികതയായി വായനക്കാരനു തോന്നും. ഒട്ടും ഒരു യോജിപ്പില്ലായ്മ. അവിടെ വച്ച് അയാൾ കഥ വീണ്ടും വായിക്കാൻ തുടങ്ങുകയോ അല്ലെങ്കിൽ കഥയെ ഉപേക്ഷിച്ചു പോകുകയോ ചെയ്യും. വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നതിൽ പല ഘടകങ്ങളുമുണ്ടാകും. തന്റെ വായനാപരിചയം, എഴുത്തുകാരനിലുള്ള പ്രതീക്ഷ ( അയാൾ പ്രശസ്തനാണെങ്കിൽ അത് കൂടും ), ബൗദ്ധികമായ അസ്വസ്ഥത അങ്ങനെ പലതും. ഇതിലൊന്നും താല്പര്യമില്ലാത്തതായിരിക്കും ഉപേക്ഷിക്കാൻ കാരണം.കഥ അങ്ങനെ വീണ്ടും വീണ്ടും വായിക്കുമ്പോൾ ( ജിജ്ഞാസ നിറഞ്ഞ ഒരന്വേഷണമായിരിക്കും അത് ) ആദ്യ വായനയിൽ കണ്ടെത്താൻ കഴിയാതിരുന്ന പലതും, കഥയുടെ തലക്കെട്ട് മുതൽ ( എന്റെ അനുഭവം : ) ) വീണ്ടും ശ്രദ്ധയോടെ വായിക്കുകയും, ഒടുവിൽ കഥയിലെ ആ യോജിപ്പില്ലായ്മയ്ക്ക് കാരണം കണ്ടെത്തുകയും ചെയ്യും.

    അങ്ങനെ വായിക്കുമ്പോൾ, കൈക്കൂലിക്കാരനായ പോലീസുകാരൻ അഴിമതി നടത്തുന്ന ഭരണകൂടത്തിന്റെ പ്രതീകമായും വനിത അയാളുടെ ചെയ്തികൾക്ക് സമ്മതം നൽകേണ്ട ജനമായും അയാൾ വളക്കാരനെ കൊല ചെയതത്, അവളുടെ സമ്മതത്തിനെന്ന വ്യാജേന വൈകാരികയ്ക്കടിമയായ യാദാസ്ഥിതിക സമൂഹത്തെ ( ഓട്ടോക്കാരൻ ) തൃപ്തിപ്പെടുത്താൻ ചെയ്ത ഭരണകൂടഭീകരതയാണെന്നും ബോധ്യപ്പെടും. വൃദ്ധ നിസ്സഹായമായ, പ്രതികരണശേഷി കുറഞ്ഞു കൊണ്ടിരിക്കുന്ന ധാർമ്മികജനവിഭാഗത്തെയും.

    ReplyDelete
  19. കഥ ആദ്യം വായിച്ചു. ആ വനിതയെപ്പോലെതന്നെ അമ്പരിന്നുരുന്നല്‍പ്പനേരം. കമന്റുകള്‍ പിന്നെ വായിച്ചു. ഇപ്പോഴും അമ്പരപ്പിനു കുറവില്ല...

    ReplyDelete
  20. എഴുത്തുകാരന്റെ കോണിൽ നിന്നും എല്ലാം പ്രതീകാത്മകമായ വിവരണങ്ങൾ. കാലികമായ സംഭവങ്ങളുമായി അതിനെ യോജിപ്പിച്ചു വെക്കാൻ കഴിയുന്നില്ല എന്നത്‌ ഒരു സാധാരണ വായനക്കാരന്റെ അവസ്ഥയും. കമന്റുകൾ സഹായകമായി കൂടുതൽ ഈ കഥയെ അറിയാൻ.

    ReplyDelete
  21. വിഡ്ഡിമാന്റെ കമന്റ് വായനയ്ക്കു സഹായിച്ചുവെന്നും, വായനയെ പരിമിതപ്പെടുത്തിയെന്നും പറയാം.., വിഡ്ഡിയുടെ കമന്റ് അജിത്തേട്ടൻ മ ഗ്രൂപ്പിൽ ഇട്ടതിന്റെ ചുവടു പിടിച്ചാണിവിടെയെത്തിയതും. ആരാലും ഭയക്കാനില്ലാത്ത അധികാര വർഗ്ഗത്തിന്റെ കാട്ടിക്കൂട്ടലുകൾ ഇനിയും നമ്മുടെ നാട് കാണാൻ പോകുന്നതെയുള്ളൂ.., പോലീസുകാരൻ അധികാരവർഗ്ഗത്തിന്റെ, ഹുങ്കിന്റെ പ്രതീകം തന്നെ. കിഴവിയുടേത് പോലെ ദുർബലമായ പ്രതികരണങ്ങൾ മാത്രമേ ഇനി ബാക്കിയുണ്ടാകൂ.., അതുമിനി എത്ര കാലം, കിഴവിക്ക് പ്രായമേറുകയല്ലേ..അതു കഴിഞ്ഞാൽ ആ പ്രതിഷേധവും കാലം ചെയ്യും.. അപ്പോഴും അധികാര വർഗ്ഗങ്ങൾ വനിതയെപോലെയുള്ള സാധാരണ ജനങ്ങളുടെ മേൽ അധീശത്വം സ്ഥാപിച്ചെടുക്കുവാനുള്ള അവസാന കരുക്കളും നീക്കിയിരിക്കും...

    അവതരണം ഇഷ്ടമായി..
    ഇത്തരത്തിൽ പ്രതീകങ്ങളെ സൃഷ്ടിച്ച് എഴുതാൻ കഴിയുക നിസ്സാര കാര്യമല്ല..
    ആശംസകൾ...

    ReplyDelete
  22. ഒരു കഥയിലെ ബിംബങ്ങള്‍ക്ക് പലപ്പോഴും എഴുത്തുകാരന്‍ ഉദ്ദേശിച്ചതിനും അപ്പുറത്ത് കാണാന്‍ വായനക്കാരന് കഴിയും. നമ്മള്‍ ഓരോ കഥകളും വായിച്ചു രസിക്കുന്നത് നമ്മുടെ കഥകളായി തന്നെ അല്ലെ

    ReplyDelete
  23. എന്തായാലും ആ സംശയ നിവാരണം നന്നായി കേട്ടൊ ഭായ്

    ReplyDelete

യാത്ര എങ്ങനെയുണ്ടായിരുന്നു ?